ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സ്റ്റാർട്ടപ്പ് ക്ലബ്ബിന്റെ ഉദ്ഘാടനം കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞംപള്ളി നിർവഹിച്ചു. ആദ്യ സ്റ്റാർട്ടപ് സംരംഭമായി കോളേജിലെ രസതന്ത്ര വിഭാഗം വികസിപ്പിച്ചെടുത്ത സോളാർ ഡ്രയർ ഡോ. വി. പി. ജോസഫിന് നൽകി പ്രിൻസിപ്പൽ ഡോ. ജോളി ആൻഡ്രൂസ് പുറത്തിറക്കി. ഗ്രീൻഹൗസ്സ് എഫക്ട് സംവിധാനം ഉപയോഗിച്ചാണ് ഈ ഉപകരണം പ്രവർത്തിക്കുന്നത്. സൂര്യപ്രകാശം ഈ ഡ്രയറിനുള്ളിൽ ഇൻഫ്രാ റെഡ് റേഡിയേഷൻ ആയി മാറുന്നു. ഗ്ലാസ് തെർമൽ ഇൻസുലെഷൻ ഉള്ളതിനാൽ ഇൻഫ്രാറെഡ് റേഡിയേഷന് പുറത്തുകടക്കാൻ സാധിക്കാതെ വരികയും ക്രമേണ ഉള്ളിലെ താപനില ഉയരുകയും ചെയ്യുന്നു. സൂര്യപ്രകാശത്തിൽ എണ്പത് ഡിഗ്രിയോളം ചൂടിൽ ധാന്യങ്ങൾ, മാംസം, മറ്റ് കാർഷിക ഉത്പന്നങ്ങൾ എന്നിവ ഉണക്കി സൂക്ഷിക്കുവാൻ ഈ ഉപകരണം ഉപയോഗിക്കാം. വൈദ്യുതി ഉപയോഗിക്കാതെ ഉൽപ്പന്നങ്ങൾ ഉണക്കി സൂക്ഷിക്കുവാൻ സാധിക്കുന്നതിനാൽ നിരവധിപ്പേർക്ക് ഈ ഉപകരണം പ്രയോജനകരമാകുമെന്നു ഇതിന്റെ നിർമാണത്തിന് ചുക്കാൻ പിടിച്ച പ്രൊഫ. ഡോ. ജോയ് വി. ടി. പറഞ്ഞു.